04:49pm 11 November 2026
NEWS
പി.എം. ശ്രീ പദ്ധതി: സി.പി.ഐ.യുടെ എതിർപ്പ് തള്ളി സി.പി.എം.; 'ദുരഭിമാനം' വെടിഞ്ഞ് കോടികളുടെ കേന്ദ്ര ഫണ്ട് സ്വീകരിക്കാൻ കേരളം
​കേന്ദ്ര പദ്ധതികളെ എതിർക്കുന്ന സമീപനം തിരുത്തി സർക്കാർ

22/10/2025  08:23 AM IST
സുരേഷ് വണ്ടന്നൂർ
പി.എം. ശ്രീ പദ്ധതി: സി.പി.ഐ.യുടെ എതിർപ്പ് തള്ളി സി.പി.എം.; ദുരഭിമാനം വെടിഞ്ഞ് കോടികളുടെ കേന്ദ്ര ഫണ്ട് സ്വീകരിക്കാൻ കേരളം ​കേന്ദ്ര പദ്ധതികളെ എതിർക്കുന്ന സമീപനം തിരുത്തി സർക്കാർ

​തിരുവനന്തപുരം: രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച 'പി.എം. ശ്രീ' (പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതി കേരളത്തിൽ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്താതിരിക്കാൻ 'ദുരഭിമാനം' വെടിഞ്ഞ് പ്രായോഗിക നിലപാട് സ്വീകരിച്ച സർക്കാരിന് സ്വന്തം മുന്നണിയിൽ നിന്നുതന്നെ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നിരിക്കുകയാണ്.

​പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച സി.പി.ഐ.യുടെ എതിർപ്പിനെ കാര്യമാക്കാതെ മുന്നോട്ട് പോകാനാണ് സി.പി.എമ്മും സർക്കാരും തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭയിൽ വിഷയം രണ്ടുതവണ ചർച്ചയ്ക്ക് വന്നപ്പോഴും സി.പി.ഐ. ശക്തമായി എതിർത്തിരുന്നു. എന്നാൽ, മന്ത്രിസഭയിൽ ചർച്ച പോലും നടത്താതെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കേന്ദ്രവുമായി ചർച്ച നടത്തി പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ സി.പി.ഐ. ബേജാറിലായി.

​സി.പി.ഐ.യുടെ കടുത്ത എതിർപ്പ്:

പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ ചർച്ച നടന്നിട്ടില്ലെന്നും, ആർ.എസ്.എസ്. നയങ്ങളടങ്ങിയ ദേശീയ വിദ്യാഭ്യാസ നയമാണ് പി.എം. ശ്രീയിലൂടെ നടപ്പാക്കുന്നതെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിന് മുഖ്യമന്ത്രിയും സി.പി.എമ്മും സമ്മതം നൽകിയതോടെ ഇന്ന് (ബുധൻ) നടക്കുന്ന മന്ത്രിസഭാ യോഗത്തിലും സി.പി.ഐ. എതിർപ്പ് അറിയിച്ചേക്കാം. എങ്കിലും അതിനെ വിഗണിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ നീക്കം.

​കാവിവത്കരണ ആരോപണം മാറ്റിവെച്ചു:

കേന്ദ്ര പദ്ധതികൾ അംഗീകരിച്ചാൽ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്ന ആരോപണങ്ങൾ ഉന്നയിച്ചാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഇതുവരെ എതിർത്തിരുന്നത്. പദ്ധതി നടപ്പാക്കിയാൽ സ്കൂളിന് മുന്നിൽ 'പി.എം. ശ്രീ സ്കൂൾ' എന്ന ബോർഡ് സ്ഥാപിക്കേണ്ടി വരും. എന്നാൽ, സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ.) വഴി നടപ്പാക്കുന്നതടക്കമുള്ള കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികളുടെ ഫണ്ട് വിഹിതം നിലച്ചതോടെയാണ് സംസ്ഥാനത്തിന് നിലപാട് മാറ്റേണ്ടി വന്നത്. നിലവിൽ 1466 കോടി രൂപ കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടിയിരുന്നു.

​സംസ്ഥാനത്തിന് 336 സ്കൂളുകൾക്ക് പ്രയോജനം:

പദ്ധതിയിൽ കേരളം പങ്കാളിയാകുന്നതോടെ 168 ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലായി 336 സ്കൂളുകൾക്ക് ഗുണകരമാകും. തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകൾക്ക് പ്രതിവർഷം 85 ലക്ഷം മുതൽ 1 കോടി രൂപ വരെ ലഭിക്കും. സ്കൂളുകളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുക, നവീകരണ പദ്ധതികൾ നടപ്പാക്കുക, സ്മാർട്ട് ക്ലാസ് മുറികൾ ഒരുക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

​പഴയ എതിർപ്പുകൾ ആവിയായി:

ആയുഷ്മാൻ ഭാരത്, പി.എം. കിസാൻ നിധി, പി.എം. വിശ്വകർമ്മ യോജന തുടങ്ങിയ പദ്ധതികളെ ശക്തമായി എതിർത്തശേഷം കേന്ദ്രസഹായം നഷ്ടമാകാതിരിക്കാൻ പിന്നീട് അവ അംഗീകരിച്ച ചരിത്രം കേരളത്തിനുണ്ട്. ഇതേ രീതിയുടെ ആവർത്തനമാണ് പി.എം. ശ്രീ പദ്ധതിയിലും സംഭവിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img